മലമ്പുഴ: കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് തോട്ടം മാനേജർ മരിച്ചനിലയിൽ. മലമ്പുഴ കൊല്ലൻകുന്ന് കുഞ്ചുവിന്റെ മകൻ വാസു (48) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 6.15നാണ് പരിസരവാസികൾ മൃതദേഹം കണ്ടത്. പ്രദേശത്തെ റിസോർട്ടിന് കീഴിലെ തോട്ടത്തിന്റെ മാനേജറായിരുന്നു വാസു.
റോഡിലേക്കുള്ള പ്രധാന ഗേറ്റിന് അടുത്താണ് വാസുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വേലിയുടെ കമ്പി മുതുകിൽ തട്ടിയനിലയിൽ ആയിരുന്നു. ഇടതുകാലിൽ ഷോക്കേറ്റു കരുവാളിച്ച പാടുമുണ്ട്. ശനിയാഴ്ച അർധരാത്രിയാണ് മരിച്ചതെന്നാണ് അനുമാനം.
മലമ്പുഴ പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നത് അനധികൃതമായിട്ടാണെന്ന് കെ.എസ്.ഇ.ബി പരിശോധനയിൽ കണ്ടെത്തി.