കോട്ടായി (പാലക്കാട്): അമ്മയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെ കിടപ്പുമുറിയിലും മകനെ പരിസരത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. കോട്ടായി പത്തിമൂന്നാം വാർഡിൽ പെരുംകുളങ്ങര പല്ലുകാവിൽ പരേതനായ ചാമിയുടെ ഭാര്യ ചിന്ന (75), മകൻ ഗുരുവായൂരപ്പൻ(40) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 6.30നാണ് പരിസരവാസികൾ ഗുരുവായൂരപ്പനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അമ്മയെ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഗുരുവായൂരപ്പന്റെ കൈത്തണ്ടയിലെ ഞരമ്പ് ചെറുതായി മുറിഞ്ഞിട്ടുമുണ്ട്. ചിന്നയും മകനുമൊറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. കർഷകത്തൊഴിലാളിയായ ഗുരുവായൂരപ്പൻ അവിവാഹിതനാണ്. ചിന്ന കുറച്ചു ദിവസമായി പനി ബാധിച്ച് കിടക്കുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. പാലക്കാട് ജില്ല ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ചിന്നയുടെ മരണകാരണം ന്യൂമോണിയ ബാധിച്ചതാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ചിന്നയുടെ മറ്റു മക്കൾ: രാജൻ, ചന്ദ്രൻ, കുട്ടൻ, വേശു, ചിന്ന, അമ്മിണി, സുന്ദരി, വെള്ള.