നിലമ്പൂർ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വിദ്യാർഥി മരിച്ചു. രണ്ടുപേർക്ക് പരിക്കുണ്ട്. വഴിക്കടവ് കമ്പളക്കല്ല് പുളിക്കലങ്ങാടി വേങ്ങാമൂട്ടിൽ യൂസുഫിന്റെ മകൻ മുഹമ്മദ് സജാസാണ് (14) മരിച്ചത്. കാളികാവ് മഞ്ഞപ്പെട്ടിയിൽ മതപഠനശാലയിലെ വിദ്യാർഥിയാണ്.
സ്കൂട്ടർ ഓടിച്ചിരുന്ന സജാസിന്റെ ബന്ധു കവളപ്പൊയ്ക എരഞ്ഞിക്കൽ അബ്ദുൽ അസീസ് (50), പിക്കപ്പ് വാൻ ഡ്രൈവർ കോട്ടക്കൽ സ്വദേശി ഉള്ളടശ്ശേരി ഹംസ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറത്തെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ വഴിക്കടവ് പഞ്ചായത്തങ്ങാടിയിലാണ് അപകടം. കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ കയറ്റാൻ കെ.എൻ.ജി റോഡിൽ പഞ്ചായത്തങ്ങാടിയിൽ നിർത്തിയിട്ടിരുന്നു. ഈ ബസിന് പിന്നിലായിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്ന് നിയന്ത്രണംവിട്ട് വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡരികിലായി നിർത്തിയിട്ട ഒരു കാറിലും വാൻ ഇടിച്ചു. ബസിന് അടിയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരെ നാട്ടുകാർ ഉടൻ പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സജാസിനെ രക്ഷപ്പെടുത്താനായില്ല.
സ്റ്റിയറിങ്ങിൽ കുടുങ്ങിയ വാൻ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും വഴിക്കടവ് പൊലീസും രക്ഷപ്പെടുത്തിയത്. അപകടം അറിഞ്ഞ് നിലമ്പൂരിൽനിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ വഴിക്കടവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നുസൈറയാണ് മുഹമ്മദ് സജാസിന്റെ മാതാവ്. സഹോദരങ്ങൾ: സിനാൻ, ഷിഹാൻ, സനാൻ.