കൽപകഞ്ചേരി: തിരുനവായ പട്ടർനടക്കാവ് കൈത്തക്കര ശൈഖുന അഹമ്മദുണ്ണി മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളജിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ഒറുവിൽ ജംഷീറിന്റെ മകൻ മൊയ്തീൻ സ്വാലിഹിനെയാണ് (11) കോളജ് കെട്ടിടത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ച അഞ്ചു മണിയോടെ സഹപാഠികളാണ് ആദ്യം കണ്ടത്. കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് പള്ളി ജീവനക്കാരും നാട്ടുകാരും എത്തി കൽപകഞ്ചേരി പൊലീസിൽ വിവരമറിയിച്ചു.
മലപ്പുറത്ത് നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൽപകഞ്ചേരി എസ്.ഐ. എ.എം. യാസിറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. നാലു മാസം മുമ്പാണ് സ്വാലിഹും ഇരട്ട സഹോദരൻ സാദിഖും ഖുർആൻ പഠനത്തിന് ചേർന്നത്.
കഴിഞ്ഞ ദിവസം സാദിഖിന് അസുഖമായതിനാൽ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇതേതുടർന്ന് സ്വാലിഹിന് മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. മാതാവ്: ഷഹർ ബാനു. സഹോദരങ്ങൾ: ഹുസൈൻ സാദിഖ്, ഹുസ്ന റസ്റിൻ.