ഇന്കുബേറ്ററില്നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു
ഇന്സുലേഷന് മാറിയ ഭാഗത്ത് സ്പര്‍ശിച്ചാണ് ഷോക്കേറ്റത്
നേമം: കോഴിക്കുഞ്ഞുങ്ങള്‍ക്ക് ചൂടുപകരാൻ ഒരുക്കിയിരുന്ന ഇന്കുബേറ്ററില്നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. കല്ലിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വാഴവിള റീന ഭവനില്‍ സുചിത്ര (38) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എേട്ടാടടുത്തായിരുന്നു സംഭവം. സുചിത്ര വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. മുട്ട വിരിഞ്ഞ് പുറത്തുവന്ന കുഞ്ഞുങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റി ഇവക്ക് ചൂടുപകരാനായി ഇന്‍കുബേറ്റര്‍ ഒരുക്കിയിരുന്നു.
ഇതിെൻറ വയറിങ്ങില്‍ ഇന്സുലേഷന് മാറിയിരുന്നതും ഈ ഭാഗത്ത് അബദ്ധത്തില്‍ സ്പര്‍ശിച്ചതുമാണ് ഷോക്കേല്‍ക്കാന്‍ കാരണം. വിവരമറിഞ്ഞ് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റ് കൈകള്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. ശാന്തിവിള താലൂക്കാശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവ്: സജീവ് (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെൻറ്). മക്കള്‍: സായിനാഥ്, സായൂജ്.