തൊടുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയയാള്‍ മരിച്ചു. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുൽ സലാമാണ് (അമ്പി -52) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
പതിവായി തൊടുപുഴ ടൗണ്‍ഹാളിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്നുറങ്ങിയിരുന്ന ആളാണ് അബ്ദുൽ സലാം. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞുനടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി എട്ടോടെ ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ട നാട്ടുകാർ പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഓട്ടോയില്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, നില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.
നഗരത്തില്‍ അലഞ്ഞുതിരിയുന്ന സ്ത്രീയുമായി വാക്തര്‍ക്കം ഉണ്ടായതായാണ് സൂചന. തുടര്‍ന്നാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് പരിക്കേറ്റത് എവിടെ നിന്നെന്ന് വ്യക്തമായി കണ്ടെത്താനായില്ല. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ തെളിവുലഭിക്കുമെന്നും മുറിവിന്റെ രീതി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. ഇടുക്കിയില്‍നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശരീഫയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കള്‍: മുബീന, മിഥിലാജ്.