ചേളന്നൂർ: നാടകരചയിതാവ്, സംവിധായകൻ, സാംസ്കാരിക പ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന മാധവൻ കുന്നത്തറ (84) നിര്യാതനായി. അർബുദരോഗ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ച മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തംനാടക സമിതിയിലൂടെ നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച മാധവൻ കുന്നത്തറ പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചു. കലാകാരന്മാരുടെ സംഘടനയായ ‘നന്മ’ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. 1960കളിൽ നാടക രംഗത്ത് എത്തിയ മാധവൻ കുന്നത്തറ അവസാനകാലംവരെ സജീവമായിരുന്നു. 1974 മുതൽ ഒട്ടേറെ നാടകങ്ങൾ എഴുതി അവതരിപ്പിക്കുകയും വേഷമിടുകയും ചെയ്തു. സ്വാപഹാരം, പണിപ്പുര, ആഗമനം, തപോവനം, പ്രതിഭാസം, ഉപരോധം, തമ്പുരാന്റെ ഹിതം, പൂമാതൈ, മുഖവുര ,ഗണപ്പൊരുത്തം,ചക്രവർത്തി, ഋണത്രയം, മേൽവിലാസം തേടി, അഗ്നി എന്നീ സാമൂഹിക നാടകങ്ങളും ശ്രീ അയ്യപ്പൻ, പരശുരാമൻ, വിശ്വാമിത്രൻ, കുരുക്ഷേത്രത്തിലെ കുന്തി, വാനപ്രസ്ഥം, സ്യമന്തക പഞ്ചകം, ധർമപുരി - ഒരു ദുഃഖഗാഥ എന്നീ പുരാണ നാടകങ്ങളും ഝാൻസി റാണി, ചാണക്യൻ എന്നീ ചരിത്ര നാടകങ്ങളും മുഖമുദ്ര, അനുബന്ധം, ഇന്ധനം, ബന്ധനം, ഏതാ ശരി തുടങ്ങിയ റേഡിയോ നാടകങ്ങളും ശ്രദ്ധേയമായിരുന്നു. അവസാനകാലത്ത് ‘കലിംഗ’ എന്ന പേരിൽ മാസിക പുറത്തിറക്കിയിരുന്നു. നാടകനടിയായിരുന്ന രത്നമ്മ മാധവനാണ് ഭാര്യ. മക്കൾ: ലെനിൻ, റീമ, റോമി. വീട്ടിൽ പൊതുദർശനത്തിനുവെച്ച ശേഷം കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിനുവെച്ചു. വൈകീട്ട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.