പയ്യന്നൂർ: പയ്യന്നൂർ ബാറിലെ മുതിർന്ന സിവിൽ അഭിഭാഷകനും പയ്യന്നൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ അന്നൂർ ശാന്തിഗ്രാമിലെ സി.വി. രാമകൃഷ്ണൻ (74) നിര്യാതനായി. പയ്യന്നൂരിലെ നീതിന്യായ വിദ്യാഭ്യാസ മേഖലകളിൽ പ്രമുഖനായിരുന്ന അഡ്വ. കെ.എസ്. ഉമാമഹേശ്വര അയ്യരുടെ ശിഷ്യനാണ്.
പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ അംഗം,അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം, കേളപ്പൻ സർവിസ് സെന്റർ, പയ്യന്നൂർ ജനത കലാവേദി എന്നിവയുടെ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പയ്യന്നൂരിലെ നിരവധി പൊതുമേഖല ബാങ്കുകളുടെയും സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെയും ലീഗൽ അഡ്വൈസർ ആയിരുന്നു. പയ്യന്നൂരിലെ അറിയപ്പെടുന്ന നാടക കലാകാരൻ കൂടിയാണ് ഇദ്ദേഹം. സഞ്ജയൻ കലാകേന്ദ്രം, രവിവർമ കലാനിലയം, പയ്യന്നൂർ ഡ്രമാറ്റിക്ക, സുരഭി ആർട്സ് എന്നിവയുടെ നിരവധി നാടകങ്ങളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
പിതാവ്: പരേതനായ കെ.വി. ഗോവിന്ദ പൊതുവാൾ (കോറോം). മാതാവ്: സി.വി. ചിരിയക്കുഞ്ഞി അമ്മ. ഭാര്യ: പരേതയായ വണ്ണാടിൽ ഭാനുമതി. മക്കൾ: മഹേഷ് വി. രാമകൃഷ്ണൻ (അഭിഭാഷകൻ, കേരള ഹൈകോടതി), വി.ആർ. സജേഷ് (സീനിയർ ക്ലർക്ക്, പയ്യന്നൂർ അർബൻ കോഓപറേറ്റിവ് സൊസൈറ്റി), ഉമ വി. രാമകൃഷ്ണൻ (അധ്യാപിക, ബംഗളൂരു). മരുമക്കൾ: ഡോ. കെ.പി. രമ്യ, സി. കാർത്തിക, ടി.സി.വി. നിധിൻ കുമാർ. സഹോദരങ്ങൾ: സി.വി. സാവിത്രി, സി.വി. സൗദാമിനി, സി.വി. സരോജിനി, സി.വി. വിനോദ് കുമാർ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മുതൽ 10.30 വരെ പയ്യന്നൂർ കോടതിയിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് സ്വവസതിയിലെ പൊതുദർശനത്തിനുശേഷം 12ന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ സംസ്കാരം നടക്കും.