കോഴിക്കോട്: പ്രശസ്ത കാർട്ടൂണിസ്റ്റും കോഴിക്കോട് മാതൃഭൂമി ഓഫിസിൽ പരസ്യ വിഭാഗം സെക്ഷൻ ഓഫിസറുമായ രജീന്ദ്രകുമാർ (58) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു. കണ്ണൂർ ആറളത്തെ കെ.ടി. ഗോപിനാഥിന്റെയും സി. ശാരദാമ്മയുടെയും മകനാണ്. കോഴിക്കോട് മേത്തോട്ടുതാഴത്തായിരുന്നു താമസം.
39 വർഷമായി കാർട്ടൂണുകൾ വരക്കുന്നു. മാതൃഭൂമി പത്രത്തിൽ ‘എക്സിക്കുട്ടൻ’ എന്ന സ്ഥിരം പോക്കറ്റ് കാർട്ടൂൺ കോളം ചെയ്തു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രാജ്യാന്തര കാർട്ടൂൺ മത്സരത്തിൽ ജൂറിയായും പ്രവർത്തിച്ചു. 2015ലെ ലളിതകല അക്കാദമി കാർട്ടൂൺ പുരസ്കാരം നേടി. കേരള സ്കൂൾ കലോത്സവ മാധ്യമ അവാർഡ് രണ്ടുതവണ നേടി. ഹിന്ദുസ്ഥാൻ ടൈംസ് അഖിലേന്ത്യ കാരിക്കേച്ചർ അവാർഡ്, നാഷനൽ ഫിലിം അക്കാദമിയുടെ കാരിക്കേച്ചറിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്, മുംബൈ പ്രതീക്ഷ ട്രസ്റ്റിന്റെ കാർട്ടൂൺ അവാർഡ്, അക്ഷരം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി. അന്താരാഷ്ട്ര തലത്തിൽ റുമേനിയയിലെ ‘ഗുറ ഹ്യൂമറു ലുയി’ കാർട്ടൂൺ ഫെസ്റ്റിവലിൽ മൂന്നാം സ്ഥാനം, ബ്രസീലിലെ ലിമായിറയിലെ പതിനേഴാമത് കാർട്ടൂൺ-കാരിക്കേച്ചർ മത്സരത്തിൽ കാരിക്കേച്ചറിന് പ്രത്യേക പരാമർശം, തുർക്കിയയിലെ ബിർ കിറ്റാബ് ബിൻ ഡോസ്ത് മാഗസിൻ കാർട്ടൂൺ മത്സരത്തിൽ ’വാർ ആൻഡ് ചിൽഡ്രൻ’ എന്ന വിഷയത്തിൽ സ്പെഷൽ പുരസ്കാരം നേടി.
അന്താരാഷ്ട്ര കാരിക്കേച്ചർ ഗ്രൂപ്പുകളായ ട്രഡീഷനൽ കാരിക്കേച്ചർ ആർട്ട്, കാരിക്കേച്ചറുമാ ഷോ ഡൗൺ- 3000, ഇന്റർനാഷനൽ കാരിക്കേച്ചർ സ്പിരിറ്റ് കോണ്ടസ്റ്റ് തുടങ്ങിയവയിൽ നിരവധി തവണ കാരിക്കേച്ചർ വിഭാഗത്തിൽ പുരസ്കാരം നേടി. സിറിയൻ അന്താരാഷ്ട്ര കാർട്ടൂൺ കോമ്പറ്റീഷനിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. റഷ്യ, ജർമനി, ഇറ്റലി, ഈജിപ്ത്, പോർചുഗൽ, ഇറാൻ, ഇന്തോനേഷ്യ, സെർബിയ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലെ പ്രദർശനങ്ങളിൽ കാർട്ടൂണുകളും കാരിക്കേച്ചറുകളും ഇടംപിടിച്ചിട്ടുണ്ട്.
ഭാര്യ: മിനി. മക്കൾ: മാളവിക (കോഴിക്കോട് വെസ്റ്റ്ഹിൽ വെക്കോ എക്കോഡെസ് ഉദ്യോഗസ്ഥ), ഋഷിക (സി.എ വിദ്യാർഥിനി). മരുമകൻ: മലപ്പുറം മേൽമുറി കരിക്കം വീട്ടിൽ കെ.രാഹുൽ.