തച്ചനാട്ടുകര (പാലക്കാട്): കെ.എം.സി.സി ഡൽഹി ഘടകം സെക്രട്ടറിയും എം.എസ്.എഫ് (ഡൽഹി ഘടകം) ട്രഷററും എസ്.കെ.എസ്.എസ്.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായിരുന്ന അസ്ഹറുദ്ദീൻ പാലോട് (24) നിര്യാതനായി. ജാമിഅ മില്ലിയ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാർഥിയായിരുന്നു.
പനിബാധിതനായി ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലോട്ടെ പട്ടിശേരി വീട്ടിൽ ഹനീഫ-സാജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജഹാന ഷെറിൻ, ജംസിയ. പഠനാവശ്യങ്ങൾക്കും മറ്റും ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്കും ജനപ്രതിനിധികൾക്കും സഹായവുമായി അസ്ഹറുദ്ദീൻ എന്നും മുന്നിലുണ്ടായിരുന്നു. കോവിഡ് സമയത്ത് വിദ്യാർഥികളെ ഏകോപിപ്പിച്ച് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താൻ നേതൃത്വം നൽകി. റോഹിങ്ക്യൻ അഭയാർഥികൾക്ക് വിഭവങ്ങൾ സമാഹരിച്ച് എത്തിക്കാനും മുന്നിൽനിന്നു.
ഡൽഹിയിൽ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനത്തിൽ സജീവമായ ഇദ്ദേഹം മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യങ്ങളിലും വ്യാപൃതനായിരുന്നു. ഓൾ ഇന്ത്യ ഇന്റർനാഷനൽ ട്രേഡ് ഫെയർ കേരള പവലിയൻ സംഘാടനത്തിൽ പങ്കുവഹിച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.