ചൊക്ലി: കർണാടക മംഗളൂരുവിനടുത്ത് കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിന് സമീപം അൽ മർവയിൽ തൈപറമ്പത്ത് മുനവർ (48) ആണ് മരിച്ചത്. ഭാര്യ തലശ്ശേരി സൈദാർപള്ളിയിൽ അബ്ദുല്ലാസിൽ സമീറ (38) സംഭവദിവസം തൽക്ഷണം മരിച്ചിരുന്നു. കൂടെ കാറിലുണ്ടായിരുന്ന മീറേജിൽ വിദ്യാർഥിയായ മകൻ സഹൽ (19) ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചെറിയ പെരുന്നാൾ ആഘോഷത്തിനായി മഹാരാഷ്ട്രയിലെ സാംഗ്ലി മീറേജിൽനിന്നും നാട്ടിലേക്കുള്ള യാത്രയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് അപകടം. സമീറ ഓടിച്ച കാർ കുന്ദാപുരം മേൽപാലത്തിൽനിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു സമീറയും, ആശുപത്രിയിലെ ചികിത്സക്കിടെ ബുധനാഴ്ച ഉച്ചയോടെ മുനവറും മരിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീറേജിൽ ബോംബെ സ്റ്റാർ ബേക്കറിയുടമയാണ് മുനവർ. കോയമ്പത്തൂരിൽ വിദ്യാർഥിയായ മിനാ ഫാത്തിമ മകളാണ്. പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറമ്പത്ത് ആസ്യയുടെയും മകനാണ്. സഹോദരങ്ങൾ: നയീം, മനാഫ്, ഷഫീഖ്, സഫൂറ, ഷാഹിന, ഷഫീന, ഷഹാന, ജസീറ. തലശ്ശേരി സൈദാർ പള്ളിയിൽ ചെറിയാണ്ടി അബ്ദുല്ലയുടെയും പരേതയായ കൈതാൽ ഹാജറയുടെയും മകളാണ് സമീറ. സഹോദരങ്ങൾ: ഫായിസ്, ഹബീബ, തയ്യിബ്ബ.