ചികിത്സപ്പിഴവെന്ന് ആരോപണം
കട്ടപ്പന: രക്തസ്രാവത്തെ തുടർന്ന് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി മരിച്ചു. ചികിത്സപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കിയത് സംഘർഷത്തിനിടയാക്കി. കട്ടപ്പന സുവർണഗിരി കരോടൻ ജോജിെൻറ ഭാര്യയും ഓക്സീലിയം സ്കൂൾ അധ്യാപികയുമായ ജിജിയാണ് (30) മരിച്ചത്.
നാലുമാസം ഗർഭിണിയായ ജിജിയെ രക്തസ്രാവത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചയാണ് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ കുഞ്ഞ് മരിച്ച നിലയിലാണെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും അധികൃതർ പറഞ്ഞു.
കുറച്ചുസമയം കഴിഞ്ഞ്, രക്തസ്രാവം കൂടുതലാണെന്നും രക്തം വേണമെന്നും നഴ്സ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ രക്തം എത്തിച്ചുനൽകി. പിന്നീട് ഒരു വിവരവും ബന്ധുക്കളെ അറിയിച്ചില്ല. രാവിലെ 11ഓടെ വണ്ടേന്മട് സി.ഐയും സംഘവും ആശുപത്രിയിൽ എത്തി. ഇതോടെ സംശയം തോന്നി ബന്ധുക്കൾ വിവരം തേടിയപ്പോൾ അമ്മയും കുഞ്ഞും മരിച്ച വിവരം പൊലീസ് അറിയിക്കുകയായിരുന്നു. ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടി. ഇത് നേരിയ സംഘർഷത്തിനും കാരണമായി. ആശുപത്രി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം കോവിഡ് ടെസ്റ്റിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.