മരട്: സൈക്കിളിൽ പോകുന്നതിനിടെ പത്രഏജൻറ് തൈക്കൂടം ജവഹർ റോഡ് പനച്ചിക്കൽ പി.കെ. സുകുമാരൻ (62) ബസിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സൈക്കിളിൽ പോകവേ പിന്നിൽനിന്ന് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്. റോഡിലേക്ക് തെറിച്ച് വീഴുന്നതിനിടെ തലക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളം - തലയോലപ്പറമ്പ് റൂട്ടിലോടുന്ന റോസ്മേരി ബസാണ് ഇടിച്ചത്. വൈറ്റില ഹബ്ബിൽനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുകയായിരുന്നു. ബസ്, പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി യാത്രക്കാർ പറഞ്ഞു.
കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറും തൈക്കൂടം ഗ്രാമ സേവ സംഘം സെക്രട്ടറിയുമായിരുന്നു സുകുമാരൻ. ഭാര്യ: ജയലക്ഷ്മി. മക്കൾ: സുജിത്.പി.എസ്, ദിവ്യ. മരുമക്കൾ: അമ്പിളി, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച 10ന് തൃപ്പൂണിത്തുറ നഗരസഭ ശ്മശാനത്തിൽ.