കല്ലടിക്കോട്: വെള്ളച്ചാട്ട പ്രദേശത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവ ഭവനിൽ മണികണ്ഠന്റെ മകൻ വിജയന്റെ (21) മൃതദേഹമാണ് വട്ടപ്പാറ ചെറുപുഴയിലെ പാറക്കുണ്ടിൽ കണ്ടെത്തിയത്.
വെള്ളച്ചാട്ടം കാണാനെത്തിയ മൂവർസംഘത്തിൽ പെട്ട യുവാവ് ഉയർന്ന സ്ഥലത്ത് കാഴ്ച കാണാൻ പോകുന്ന വഴിയിൽ കാൽ തെന്നി വീണതാവാമെന്നാണ് നിഗമനം. തച്ചമ്പാറ പഞ്ചായത്തിലെ മലയോര മേഖലയായ പാലക്കയത്തിന് സമീപം വട്ടപ്പാറ ഭാഗത്ത് വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്.
മണ്ണാർക്കാട് നിലയത്തിലെ അഗ്നി രക്ഷ സേന, സിവിൽ ഡിഫൻസ്, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് രാത്രി ഏറെ വൈകിയും യുവാവിനായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല.
തിങ്കളാഴ്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.