പിരായിരി: കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. പിരായിരി പഞ്ചായത്തിലെ മൂന്നാം വാർഡ് കുറിശ്ശാംകുളം സഫനഗറിൽ ആയിഷ മൻസിലിൽ ഹബീബുറഹ്മാൻ-സുനീത ദമ്പതികളുടെ മകൻ മുഹമ്മദ് മുസ്തഫ (14) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30നാണ് അപകടം. പാലക്കാട് ബി.ഇ.എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് മുസ്തഫയും കൂട്ടുകാരും വീട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള മാപ്പിളക്കാട് പഞ്ഞിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞ് മറ്റു കുട്ടികൾ കരക്കു കയറിയെങ്കിലും മുസ്തഫ വീണ്ടും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും പിന്നീട് മുങ്ങിത്താഴുകയായിരുന്നെന്നും കൂടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ മുസ്തഫയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ആയിഷ.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച കള്ളിക്കാട് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.