താമരശ്ശേരി: താമരശ്ശേരി രൂപത മുൻ വികാരി ജനറാളും മുൻ കോർപറേറ്റ് മാനേജറും കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലി (75) നിര്യാതനായി. ആലപ്പുഴ കൈനകരിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനിൽ നിന്നും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ആലുവയിലുള്ള രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 7.40ഓടെയായിരുന്നു അന്ത്യം.
1949 ജൂൺ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലിൽ മാത്യു - അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കൈനകരിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1964ൽ അവിഭക്ത തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ഉന്നത പഠനത്തിനായി കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതക്കുവേണ്ടി 1973 ഡിസംബർ 18ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തിൽ ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു.
1974ൽ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂർ, ആലക്കോട് എന്നിവിടങ്ങളിലും അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയിൽ, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറായും താമരശ്ശേരി രൂപത മൈനർ സെമിനാരിയിൽ റെക്ടറായും സ്പിരിച്വൽ ഡയറക്ടറായും താമരശ്ശേരി രൂപത കോർപറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തു. 2022 മുതൽ കല്ലുരുട്ടി സെന്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. സഹോദരങ്ങൾ: സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട് പരേതരായ ജോസഫ് മാത്യു, തോമസ് മാത്യു. ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി ചൊവ്വാഴ്ച കൈനകരിയിലുള്ള സഖറിയാസ് മാത്യു (ബേബിച്ചൻ) മാവേലിയുടെ ഭവനത്തിൽ പൊതു ദർശനത്തിന് എത്തിക്കുന്നതായിരിക്കും. സംസ്കാരകർമങ്ങൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് കൈനകരിയിലുള്ള സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.