ഫറോക്ക്: ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ(എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്ന ഡോ.കെ. ശശിധരൻ (68) മണ്ണൂർ ആലിങ്ങലുള്ള വസതിയിൽ നിര്യാതനായി.
ചേളന്നൂർ എസ്.എൻ കോളജ് വകുപ്പ് മേധാവിയായിരിക്കെ 2013ൽ സർവിസിൽനിന്ന് പിരിഞ്ഞതിനുശേഷം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായിരുന്നു. പാലക്കാട് പറളി കുറുക്കംപൊറ്റ കുടുംബാംഗമാണ്.
1982ൽ ചേർത്തല എസ്.എൻ കോളജ് കോമേഴ്സ് അധ്യാപകനായി സർവിസ് ആരംഭിച്ചു. കണ്ണൂർ, കൊല്ലം, ചേളന്നൂർ എസ്.എൻ കോളജുകളിൽ സേവനമനുഷ്ഠിച്ചു.
എ.കെ.പി.സി.ടി.എ ആലപ്പുഴ ജില്ല സെക്രട്ടറി, കോഴിക്കോട് ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറർ, ഫറോക്ക് എജുക്കേഷനൽ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, വൈസ് പ്രസിഡന്റ്, റിട്ടയേർഡ് കോളജ് ടീച്ചേഴ്സ് കൂട്ടായ്മയായ ‘സാന്ത്വം’ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം ആലിങ്ങൽ ബ്രാഞ്ച് കമ്മിറ്റി അംഗം, മണ്ണൂർ ജ്ഞാനോദയം വായനശാല രക്ഷാധികാരി, സി.എം.എച്ച്.എസ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ 10 വർഷമായി മണ്ണൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. പരേതരായ കുട്ടപ്പന്റെയും തങ്കമ്മയുടെയും മകനാണ്.
ഭാര്യ: രാജി പിലാക്കാട്ട്(റിട്ട. പ്രഫ. കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കൾ: ഡോ. അനഘ(ചന്ദ്രകാന്ത് ഹോസ്പിറ്റൽ), ഡോ. അതുല (അപ്പോളോ ഹോസ്പിറ്റൽ). മരുമകൻ: ഡോ. നിതിൻ(മദ്രാസ് മെഡിക്കൽ കോളജ്).
സഹോദരങ്ങൾ: നന്ദകുമാർ, ഉണ്ണികൃഷ്ണൻ, വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി, പ്രസിഡന്റ്, പറളി സർവിസ് സഹകരണ ബാങ്ക്), രാധാകൃഷ്ണൻ(റിട്ട. മാനേജർ എസ്.ബി.ഐ), പ്രദീപ് (ബിസിനസ്), രാധിക, ബേബി മോൾ.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.