ബേപ്പൂർ: കാണാതായ വയോധികയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. മാറാട് മുണ്ടകൻ കനാൽ കുത്തുകല്ലിന് സമീപത്തെ മേലത്ത് ഹൗസിൽ പരേതനായ ഗോപാലന്റെ ഭാര്യ രാധയുടെ (85) മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ച ഇവർ താമസിക്കുന്ന വീട്ടിൽനിന്നും കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മാത്തോട്ടം മുണ്ടകൻ കനാലിന്റെ കരയിൽ അലക്കാൻ കൊണ്ടുവന്ന വസ്ത്രവും മറ്റും കണ്ടെത്തി. ശക്തമായ മഴയിൽ ഒഴുക്കിൽപെട്ടതായിരിക്കുമെന്നാണ് കരുതുന്നത്.
മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫിസർ പി. സുനിലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ വിഭാഗം സ്ഥലത്തെത്തി. സേനാംഗങ്ങളും നാട്ടുകാരും ചളിനിറഞ്ഞ കനാലിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
പിന്നീട് സംഭവസ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറി കോയവളപ്പിന് സമീപം ചൂണ്ടയിടുന്ന കുട്ടികൾ മൃതദേഹം കണ്ട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പന്നിയങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടത്തുന്നതിന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. മക്കൾ: കോമളവല്ലി, പരേതനായ രാമദാസൻ. മരുമകൻ: ദിവാകരൻ കല്ലായി.